മാഹിയിലാണ് ഞാൻ ജനിച്ചതും വളർന്നതും
കണ്ണൂർ അഴീക്കോട് നമ്പോലൻവീട്ടിൽ വിജയൻ്റെയും മാഹി പാറക്കൽ വത്സലയുടെയും ഏഴാമത്തെ പുത്രൻ
അഞ്ച് സഹോദരിമാർക്ക് താഴെ മൂന്ന് ആൺമക്കൾ
മത്സ്യത്തൊഴിലാളിയായ അച്ഛന് സാമ്പത്തിക പരാധീനതയാണ് സ്വത്ത്
അത് കൊണ്ട് തന്നെ യാത്രകളൊന്നും സ്വപ്നം കാണാൻ കൂടി പാടില്ല
ചെറുപ്പത്തിൽ യാത്ര ഇഷ്ടവും ഒപ്പം ഭയവുമായിരുന്നു
ഭയത്തിൻ്റെ കാരണം മറ്റൊന്നുമല്ല
ഛർദ്ദി
ബസിൽ കയറിയാൽ തുടങ്ങും ഛർദ്ദി
അമ്മയുടെ നാടായ മാഹിയിൽ നിന്നും അച്ഛൻ്റെ നാടായ കണ്ണൂർ അഴീക്കോടേക്കുള്ള യാത്ര വൻ പരീക്ഷണം തന്നെയാണ്
ആ സമയത്തൊക്കെ വീടിനടുത്തുള്ള ബ്രാണ്ടി ഷാപ്പിൽ നിന്നും ബ്രാണ്ടി കുപ്പി ഇട്ടു കൊടുക്കുന്ന കവർ കിട്ടുമായിരുന്നു
കറുപ്പ് നിറമുള്ള ആ കവർ യാത്രയ്ക്ക് മുമ്പ് കുറെ വാങ്ങി വെക്കും
മൂന്നോ നാലോ ചെറു നാരങ്ങയും
മാഹിയിൽ നിന്ന് ബസിൽ കയറിയാൽ തലശ്ശേരി എത്തുന്നതിന് മുമ്പേ ഛർദ്ദിൽ ആരംഭിക്കും
കണ്ണൂരെത്തുമ്പോയേക്കും ക്ഷീണിച്ചിട്ടുണ്ടാവും
അഴീക്കൽ ചാൽ ബീച്ചിലെ ചവോക്കിൻ്റെ (കാറ്റാടി മരം) മണമുള്ള പൂഴിപ്രദേശത്ത് കുടിൽ കുത്തിയ അമ്മായിമാരുടെയും വല്ല്യച്ചൻ്റെയും വീട്ടിലൊക്കെയാണ് താമസിക്കുക
ഒരു വല്ലാത്ത ഭംഗിയാണ് സ്ഥലത്തിന്
ചാൽ ബീച്ചിൽ ആ പരിസരത്ത് എൻ്റെ ഓർമ്മയിൽ അഞ്ച് വീടുകൾ
എല്ലാം ബന്ധുക്കൾ
ഒരു ഭാഗത്ത് കടലും , പൂഴിമണലോട് കൂടിയ വിശാലമായ കടൽ തീരവും
കള്ളക്കടപ്പുറമെന്ന് വിളിപ്പേരുള്ള ആ കടപ്പുറത്ത് പകൽ പോലും പോകുവാൻ എനിക്ക് പേടിയായിരുന്നു
രാത്രിയായാൽ ആ കടപ്പുറത്ത് കൂടെ കള്ളന്മാർ ചൂട്ടും പിടിച്ചു ഓടുന്നത് കാണാമെന്ന് പറയും
പേടിപ്പിക്കാൻ പറയുന്നതാണ്
തീരത്തോട് ചേർന്ന കൃഷിസ്ഥലവും, വയലും അതാണ് ചാൽ ബീച്ചിനെ ഇഷ്ടപ്പെടാനുള്ള കാരണം
എല്ലാം ഉയരം കുറഞ്ഞ ഓല മേഞ്ഞ കുടിലുകളാണ്
ഉണങ്ങിക്കരിഞ്ഞ് കറുപ്പ് നിറമായ ഓല മേഞ്ഞ , അത്താർ പായ കൊണ്ട് വശങ്ങൾ മറച്ച, ചാണകം മെഴുകിയ നിലമുള്ള കുടിലുകൾ
മുതിർന്നവർ തല കുമ്പിട്ടാണ് അകത്തേക്ക് കയറുക
വീടിനെ ബഹുമാനിച്ച് കൊണ്ട് കയറുന്നു.
സന്ധ്യകഴിഞ്ഞ് ഇരുട്ട് മൂടിയാൽ റാന്തൽ വിളക്കിൻ്റെ വെളിച്ചത്തിൽ വേഗം രാത്രി ഭക്ഷണം കഴിക്കണം
കുറെ നേരം വിളക്ക് കത്തിച്ച് തീർക്കാൻ മണ്ണെണ്ണ ഉണ്ടാവില്ല
റാന്തൽവിളക്ക് തിരി താഴ്ത്തിയാൽ ഒമ്പതിൽ പൂച്ച തുള്ളുന്ന ബാറ്ററിയുടെ ഊർജത്തിൽ പാടുന്ന സിലോൺ സ്റ്റേഷനടക്കം കിട്ടുന്ന റേഡിയോയിലൂടെ കുറച്ച് നേരം യേശുദാസും, ചിത്രയും, സുശീലയുമൊക്കെ പാട്ടു പാടിത്തരും
ആ പാട്ടിൽ ലയിച്ചങ്ങനെ ഉറക്കത്തിലേക്ക് വഴുതും
രാവിലെ എഴുന്നേറ്റ് മുളങ്കുറ്റിയിൽ നിന്നും ഉമിക്കരിയുമെടുത്ത് അമ്മിക്കല്ലിൽ പൊടിച്ച ഉപ്പും ചേർത്ത് കയ്യിലെടുത്ത് മുറ്റത്തിറങ്ങി തൊട്ടപ്പുറത്തെ വയലിൽ മേഞ്ഞു നടക്കുന്ന പശുക്കൾ, കശുമാവ്, കൈതക്കാടോട് ചേർന്നൊഴുകുന്ന തോടൊക്കെ നോക്കിക്കൊണ്ട് ഒരൊന്നര മണിക്കൂർ നേരത്തെ പല്ലുതേപ്പുണ്ട്
പല്ല് തേഞ്ഞ് പോവും
അമ്മാതിരി തേപ്പ്
ഇടയ്ക്ക് മാവിൻ്റെ ഇല കൊണ്ടൊക്കെ പല്ല് തേക്കും
മാഹിയിൽ ഇല്ലാത്ത കാഴ്ച്ചകളായതിനാൽ ഇതൊക്കെ വളരെയേറെ അസ്വദിച്ചിരുന്നു.
ടൗണിലെ തിരക്കൊന്നുമില്ലാത്ത ഗ്രാമം
വിരലിലെണ്ണാവുന്ന കടകൾ
സീസണായാൽ എങ്ങും കശുമാങ്ങയുടെ മണം മാത്രം
പടിഞ്ഞാറ് കാറ്റാടിക്കാടിന്നപ്പുറം വിശാലമായ കടൽ തീരം
അമ്മായിമാരുടെയും വല്യച്ഛൻ്റെയും വീടുകളൊക്കെ കയറിയിറങ്ങി
പറങ്കിയണ്ടിയും ചുട്ടുതിന്ന് നടന്ന കാലം
കുടിവെള്ളമെടുക്കാൻ കൂവയുണ്ട്
വലിയ കുഴിയെടുത്ത് അതിൽ നിന്നാണ് കുടിക്കാനുള്ള വെള്ളമെടുക്കുക
ആ കുഴിക്കാണ് കൂവ എന്ന് പറയുക
ഇറങ്ങാൻ പ്രത്യേക വഴിയാണ്
ഒരരികിലിരുന്ന് വേണം വെള്ളമെടുക്കാൻ
കുടിവെള്ളമായതിനാൽ
കയ്യോ, കാലോ ആ കുഴിയിൽ തൊടാതിരിക്കാൻ പരമാവധി എല്ലാവരും ശ്രമിക്കും
വല്ല്യച്ചൻ്റെ പട്ടി എൻ്റെ പിറകേ ഓടിയപ്പോ ഞാനാ കുഴിയിലേക്ക് ഒറ്റച്ചാട്ടമായിരുന്നു.
മുട്ടോളം വെള്ളമേ ഉണ്ടായിരുന്നു.
അന്നത് പേടിപ്പെടുത്തുന്ന ഓർമ്മയാണെങ്കിൽ ഇന്നതിന് തീരാത്ത മധുരമാണ്
അഴീക്കലിൽ നിന്ന് തിരിച്ച് നാട്ടിലേക്ക് വരുമ്പോൾ വീണ്ടും ടെൻഷനാണ്
ഒന്ന് ആ നാട്ടിൽ നിന്നും തിരിച്ചു പോവുന്നതിൻ്റെ വിഷമം
രണ്ടാമത്തേത് ചർദ്ദി
എങ്കിലും വീണ്ടുമൊരു അവധിക്കാലം വരുമ്പോൾ അഴീക്കലെത്താൻ മനസ് വെമ്പും
ആ പറങ്കിമാവിൻ്റെ മണവും, ചുട്ട കശുവണ്ടിപരിപ്പിൻ്റെ സ്വാദുമൊക്കെ ഓർമ്മയിൽ വരും
പിന്നെപ്പൊയോ ഞാനറിയാതെ ആ ചർദ്ദി നിന്നു പോയിരുന്നു
അച്ഛൻ്റെ മരണത്തോടെ
അഴീക്കോടേക്കുള്ള അവധികാലയാത്രയും അവസാനിച്ചു.
കശുമാവുകൾ കുറഞ്ഞെങ്കിലും ഇന്നും ആ നാടിൻ്റെ പറങ്കി മണം പോയില്ല
ഇടക്ക് അത് വഴി പോവുമ്പോൾ സമയമുണ്ടേൽ മാറി മാറി വിനോദസഞ്ചാര കേന്ദ്രമായി മാറിയ ആ കള്ളക്കടപ്പുറത്ത് കുറച്ച് നേരമിരിക്കും
പറങ്കിയണ്ടിയുടെ മണവും, കൈതക്കാടിൻ്റെ പച്ചപ്പും കാണുമ്പോ വീണ്ടുമൊരു ബാല്യത്തിലേക്കും ,നാവിൽ ഉമിക്കരിയിൽ പൊടിച്ച് ചേർത്ത ഉപ്പിൻ്റെ സ്വാദും വരും
തുടരും
0 Comments